തയ്യാറെ‌ടുപ്പുകൾ ന‌ടക്കുകയാണ്, തിങ്കളാഴ്ച്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; അടൂർ പ്രകാശ്

തിരുവനന്തപുരം: തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഇന്ന് യോഗം കൂടി. നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി ഒറ്റക്ക് ഒറ്റയ്ക്ക് നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം, യുഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ ക്ഷണിച്ചു. ചീഫ് സെക്രട്ടറി എ ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്. 102 സീറ്റ് നേടി അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരേയും ക്ഷണിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍‌ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു എന്നിവരെയും വിളിച്ചിട്ടുണ്ട്.എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. അതിനിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *