തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. റബ്ബറിന്റെ താങ്ങു വില 250 രൂപയാക്കുമെന്നും കാലക്രമേണ അത് 300 ആയി ഉയർത്തുമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ തുറമുഖ നഗരമാക്കാൻ വേണ്ടിയുള്ള മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ ഇടം പിടിച്ചേക്കും. ഐടി,തീരദേശ മേഖലകൾക്ക് പ്രത്യേക പ്രഖ്യാപനം ഉണ്ടാകും. പരമ്പരാഗത മേഖലയെ കൈവിടില്ലെന്നും പ്രതീക്ഷയുണ്ട്.
നികുതി ചോർച്ച തടയുന്നതിനുളള നടപടികളായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൻെറ പ്രധാന സവിശേഷത. ജി.എസ്.ടി വകുപ്പിനെ ഉടച്ചുവാർത്ത് നികുതി പിരിവ് ഊർജിതമാക്കാനും ബജറ്റിൽ നടപടികളുണ്ടാകും. സ്വർണം, മദ്യ നിർമ്മാണ മേഖലകൾക്കായിരിക്കുംഊന്നൽ .മോട്ടോർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പോകുന്ന രീതി അവസാനിപ്പിക്കും. ഇതിലൂടെ സർക്കാരിന്റെ ധനലഭ്യത കൂടുമെന്നാണ് വിലയിരുത്തൽ. കിഫ്ബി ബാധ്യതകൾ സർക്കാർ ഏറ്റെടുക്കുമെന്നുമാണ് വിവരം.
