മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ

പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘പുതുയുഗ കോൺഗ്രസ്’ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി പ്രസിഡൻ്റ് പദത്തിൽ മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്.

ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പി.സി വിഷ്‌ണുനാഥും മന്ത്രിയായതിനാൽ നേതൃപദവികളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ശക്തനായ വക്താവ് കൂടിയായ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. കോൺഗ്രസിനെ നയിക്കാൻ മാത്യു കുഴൽനാടനെ പോലെയുള്ള യുവനേതാക്കൾ മുന്നോട്ട് വരണമെന്നാണ് ഫ്ലെക്സിലെ പ്രധാന ആവശ്യം.

പാർട്ടിയെ നവീകരിക്കാൻ പുതിയ കാലത്തിനനുസരിച്ചുള്ള നേതൃത്വം അനിവാര്യമാണെന്നും ഫ്ലക്സ് ചൂണ്ടിക്കാണിക്കുന്നു. നിയമസഭയ്ക്കുള്ളിലും പുറത്തും എൽഡിഎഫ് സർക്കാരിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കിയ മാത്യു കുഴൽനാടന് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട് ഇത്തരമൊരു ഫ്ലെക്സ് ഉയർന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *