വെള്ളാപ്പള്ളി ഇപ്പോൾ എങ്ങനെ നല്ലവനായി: വിഡി സതീശനെ വിമർശിച്ച് പിണറായിവിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവരാണ് ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ‘വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസമായ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

‘എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന് നേതൃത്വം നല്‍കുന്ന തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ വീട്ടിലെത്തി അഭിവാദ്യം അര്‍പ്പിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രചരണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണോ ഇത് വ്യക്തമാക്കുന്നത്?’ പിണറായി വിജയന്‍ ചോദിച്ചു. തുടക്കത്തില്‍ തന്നെ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നുവെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിന് കടകവിരുദ്ധമാണ് തീരുമാനമെന്നതിന് ഉദാഹരണമാണ് ധവളപത്രം. വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം എന്നീ അടിസ്ഥാനമേഖലകള്‍ മുതല്‍ കരിമണല്‍ഖനനവും വിമാനത്താവളങ്ങളും തീരദേശവും തുറമുഖങ്ങളും ഉള്‍പ്പെടുന്ന തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് ധവളപത്രത്തിലൂടെ മറനീക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനും പ്രകൃതിസമ്പത്ത് സ്വകാര്യകമ്പനികള്‍ക്ക് ചൂഷണം ചെയ്യാനും വഴിയൊരുക്കുന്നവരാണോ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകള്‍’, പിണറായി വിജയന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *