കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ അപ്പാനി ശരത്ത് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള യാത്രയും അതിനിടയിലെ കഷ്ടപ്പാടുകളും തുറന്നു പങ്കുവച്ചു. തിരുവനന്തപുരം അരുവിക്കരയിലെ കലാപാരമ്പര്യമുള്ള അന്തരീക്ഷത്തിൽ വളർന്ന ശരത്തിന് ചെറുപ്പം മുതലേ കലയോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു.
സ്കൂൾ പഠനത്തിന് ശേഷം നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച അദ്ദേഹം നിരവധി തെരുവ് നാടകങ്ങളിലും ഉത്സവപ്പറമ്പുകളിലും സജീവമായി. കുടുംബസാഹചര്യം പ്രതികൂലമായതോടെ ജോലി ചെയ്തുകൊണ്ടും നാടകം പഠിച്ചുകൊണ്ടും കറസ്പോണ്ടൻസ് വഴി ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയും അദ്ദേഹം മുന്നോട്ടുപോയി. ആ കാലഘട്ടമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടഘട്ടമായിരുന്നുവെന്ന് ശരത്ത് പറയുന്നു.
ഡ്രാമയിൽ പി.ജി പഠനത്തിനായി കാലടിയിലെത്തിയത് തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നും അവിടെ നിന്ന് ലഭിച്ച അറിവുകളും സുഹൃദ് ബന്ധങ്ങളും അഭിനയ ജീവിതത്തിന് കൂടുതൽ കരുത്ത് പകർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ആദ്യ സിനിമയായ അങ്കമാലി ഡയറീസിൽ ഓഡിഷനിലൂടെയാണ് അവസരം ലഭിച്ചതെന്ന് പറഞ്ഞ ശരത്ത്, പിന്നീട് ലഭിച്ച ഓരോ കഥാപാത്രങ്ങളെയും വളരെ ഗൗരവത്തോടെയാണ് സമീപിച്ചതെന്നും വ്യക്തമാക്കി.
ഇനിയും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം ഒരുനാൾ ഉറപ്പായും ലഭിക്കുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അപ്പാനി ശരത്ത് കൂട്ടിച്ചേർത്തു.
