മുംബൈ :വിദേശത്തുനിന്നും പണമയച്ചാൽ ഇനി വേഗം നാട്ടിൽ ലഭിക്കുമെന്ന് ആർബിഐ. ഇതുസംബന്ധിച്ച നിർദേശങ്ങൾ വിവിധ ബാങ്കുകൾക്ക് നൽകിയെന്നും ആർബിഐ അറിയിച്ചു. നിലവിൽ പല ബാങ്കുകളും ഓരോ ദിവസത്തിന്റെയും അവസാനം മാത്രം അക്കൗണ്ടുകൾ പരിശോധിക്കുന്ന രീതിയാണ് തുടരുന്നത്. ഇനി മുതൽ വിദേശത്തുനിന്നും പണം വന്നാലുടൻ അക്കൗണ്ട് ഉടമയെ വിവരം അറിയിക്കണമെന്നും ആർബിഐ നിർദേശിച്ചു. ബാങ്കുകളുടെ നോസ്ട്രോ അക്കൗണ്ടുകൾ ഒരു മണിക്കൂർ ഇടവിട്ട് പരിശോധിക്കാനും നിർദേശമുണ്ട്. വിദേശ വിനിമയ വിപണി ( Forex market ) പ്രവർത്തിക്കുന്ന സമയത്ത് പണം ലഭിച്ചാൽ അതേദിവസം തന്നെ അക്കൗണ്ടിലേക്ക് തുക മാറ്റാൻ ബാങ്കുകൾ ശ്രമിക്കണം, അഥവാ മാർക്കറ്റ് സമയം കഴിഞ്ഞാണ് പണം ലഭിക്കുന്നതെങ്കിൽ അടുത്ത പ്രവർത്തി ദിവസം തന്നെ ക്രെഡിറ്റ് ചെയ്യണം എന്നും റിസേർവ് ബാങ്ക് നിർദേശിച്ചു. വിദേശ വിനിമയ ഇടപാടുകൾക്കായി പ്ലാറ്റ്ഫോം തയ്യാറാക്കുവാനും ആർബിഐ ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇന്റർഫേസുകൾ രേഖകൾ സമർപ്പിക്കാനും ഇടപാടുകൾ നിരീക്ഷിക്കാനും ഉപഭോക്താക്കൾക്ക് സഹായകരവവുമെന്നും ആർബിഐ നിരീക്ഷിച്ചു.
വിദേശത്ത് നിന്നും പണമയച്ചാൽ ഇനി വേഗം ഇവിടെ ലഭിക്കും; നിർദേശവുമായി ആർബിഐ
