ഡോക്ടറെന്ന പേരിൽ മനുഷ്യക്കടത്ത്; യുവതി അടക്കം 12 പേർ പിടിയിൽ

ഡൽഹി: ഡോക്ടർ എന്ന പേരിൽ മനുഷ്യക്കടത്ത്. ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി. സംഘത്തിന്റെ സൂത്രധാരയായ യുവതി അടക്കം 12 പേരാണ് പിടിയിലായത്. അഞ്ച് നവജാത ശിശുക്കളെ പോലീസ് രക്ഷിച്ചു. അറസ്റ്റിലായ പ്രധാന പ്രതിയായ സ്ത്രീക്ക് സ്വന്തമായി ഒരു നഴ്സിംഗ് ഹോം ഉണ്ട്. ഇവർ സ്വയം ഒരു ഡോക്ടറാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ ഇവർ യഥാർത്ഥത്തിൽ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇവരുടെ വിദ്യാഭ്യാസ, പ്രൊഫഷണൽ രേഖകൾ പരിശോധിച്ചുവരികയാണ്. ഈ സംഘം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ എത്തിക്കുകയും, അവരുടെ ജനന സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും വ്യാജമായി നിർമ്മിച്ച്, വൻ തുകയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കിയത്. ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്തിരുന്നത്.

പോലീസ് രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളിൽ ഒരാൾക്ക് നാല് മാസം മാത്രമാണ് പ്രായം. ബാക്കിയുള്ളവരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് 27 ദിവസം വീതവും, ഒരു കുഞ്ഞിന് 20 ദിവസവും, ഏറ്റവും ചെറിയ കുഞ്ഞിന് അഞ്ച് ദിവസവുമാണ് പ്രായം. ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം ചില കുഞ്ഞുങ്ങളെ ഹരിയാനയിലും വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മനുഷ്യക്കടത്ത് ശൃംഖല വഴി ഇതുവരെ ഇരുപതിലധികം നവജാത ശിശുക്കളെ കടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസിന് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

ഏതാനും ദിവസങ്ങളായി കാണാതായ ഒരു കുട്ടിയെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുപി പോലീസ് നാലംഗ സംഘത്തെ വലയിലാക്കിയത്. അറസ്റ്റിലായ നാല് പ്രതികളും വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്നും, ആവശ്യക്കാരെ കണ്ടെത്തി എല്ലാത്തരം കുട്ടികളെയും കടത്തുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നും ഡിഎസ്പി വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *