ഹൈക്കോടതികളുടെ ഹെഡ്മാസ്റ്ററല്ല സുപ്രീം കോടതിയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയെക്കാൾ വിശാലമായ അധികാരപരിധി ചില കാര്യങ്ങളിൽ ഹൈക്കോടതികൾക്ക് വിനിയോഗിക്കാൻ കഴിയുമെന്നും സൂര്യകാന്ത് പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.

“ഹൈക്കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്റർമാരായിട്ടല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. അവർ ഭരണഘടനാ സ്ഥാപനങ്ങളാണ്, ആർട്ടിക്കിൾ 226, 227 പ്രകാരമുള്ള അവരുടെ അധികാരങ്ങൾ ചിലപ്പോൾ ഈ കോടതിയേക്കാൾ മികച്ചതാണ്. അവരുടെ ഭരണഘടനാപരമായ സ്വയംഭരണത്തെ നാം മാനിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സംസ്ഥാനത്തെ സംരക്ഷിത വനങ്ങളുടെ അതിർത്തികളിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിൽ കല്ല് ഖനികളും കല്ല് ക്രഷറുകളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുന്നത് തടഞ്ഞ ജാർഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ജാർഖണ്ഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ജെഎസ്പിസിബി) സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *