മുംബൈ: മഹാരാഷ്ട്രയിലെ പർബാനിയിൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് നാല് പേർ മരിച്ചു. മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഛത്രപതി സംഭാജിനഗറിൽ നിന്ന് 190 കിലോമീറ്റർ അകലെ യശ്വാഡി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഉച്ചകഴിഞ്ഞ് 3.30 ഓടയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ‘സഭാ-മണ്ഡപ’ത്തിന്റെ സ്ലാബ് തകരുകയായിരുന്നു.
ഗർഭഗൃഹത്തിന് മുന്നിലുള്ള നിർമാണത്തിലിരുന്ന സഭാ മണ്ഡപത്തിൻ്റെ മേൽക്കൂരയാണ് തകർന്നത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി പർഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
