കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടിട്ടുണ്ട്. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഷിഗെല്ല രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല രോഗവും മരണവും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണിൽ മാത്രം നാൽപതിലേറെ കേസുകൾ കോഴിക്കോട് സ്ഥിരീകരിച്ചു.
