സെക്രട്ടേറിയറ്റിൽ തിരക്കോട് തിരക്ക്; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം ഭരണമാറ്റമുണ്ടായതോടെ മലബാറിൽ നിന്നടക്കം നേതാക്കളുടെ തള്ളിക്കയറ്റമാണ് സെക്രട്ടേറിയറ്റിലേക്ക്. എൽഡിഎഫ് സർക്കാരിന്‍റെ കർശന നിയന്ത്രണത്തിന് അയവ് വന്നതാണ് ഭരണമുന്നണിക്കാർക്ക് ഗുണകരമായത്.

പാർട്ടിക്കാരും നിവേദനവുമായെത്തുന്ന ജനങ്ങളുമൊക്കെയായി ഓരോ നിലകളിലും മന്ത്രിമാരുടെ ഓഫീസിലുമെല്ലാം വലിയ തിരക്കാണ്. സെക്രട്ടേറിയറ്റിലേക്ക് കയറാൻ നേരത്തെ പാസ് വേണ്ടിയിരുന്നെങ്കിലും നിലവിൽ നിവേദനവും ഐഡി കാർഡുമെല്ലാം മതിയെന്നാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത്. താങ്ങാവുന്നതിലും അധികം ഭരണപ്പാർട്ടിക്കാർ തി ങ്ങിനിറഞ്ഞതോടെ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകൾ പോലും സ്തംഭിച്ചിരുന്നു.

ആറ് പേർക്ക് കയറാവുന്ന ലിഫ്റ്റിൽ പോലും നിരവധി പേർ തള്ളിക്കയറിയതാണ് തകരാറിലായത്. ആളുകൂടിയതോടെ ലിഫ്റ്റ് താഴേക്ക് പോയി തൊട്ടടുത്ത നിലയിലെത്തി നിന്ന് വാതിൽ തുറന്നു. പിന്നീട് ആളിറങ്ങി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പ്രവർത്തിച്ചത്. എന്നാൽ, ലിഫ്റ്റ് പൊട്ടിവീണിട്ടില്ലെന്നും ഓവർ ലോഡായാൽ തൊട്ടടുത്ത നിലയിൽ വന്ന് നിൽക്കുന്ന രീതിയിലുമാണ് സെക്രട്ടേറിയറ്റ് ലിഫ്റ്റിന്‍റെ പ്രവർത്തനമെന്നും അതാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *