ജിദ്ദ: ഇന്ത്യയിൽനിന്നുള്ളവർക്ക് അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 20 വരെയാണ് ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയും ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും. അപേക്ഷകർക്ക് 2027 ഡിസംബർ 31 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്
ഇത്തവണ കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും രജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവർ, ലേഡീസ് വിതൗട്ട് മഹ്റം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് മറ്റു കാറ്റഗറികൾ. 65 വയസ്സിന് മുകളിലുള്ളവരോടൊപ്പം സഹായിയും കൂടെ വേണം. 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ് ലേഡീസ് വിതൗട്ട് മഹ്റമിൽ അപേക്ഷിക്കാനാവുക. ഡിജിറ്റൽ നറുക്കെടുപ്പിലൂടെയാണ് തീർഥാടകർക്ക് ഹജ്ജിന് അനുമതി നൽകുക. താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 10-ന് മുമ്പ് 1,52,300 ഇന്ത്യൻ രൂപ അടയ്ക്കേണ്ടിവരും.
