യു.എ.ഇയിൽ മഴക്കും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബൂദബി: വരും ദിവസങ്ങളിൽ രാജ്യത്ത് മഴക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ മഴയെത്താൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള മിതമായതോ ശക്തമായതോ ആയ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഇത് കാഴ്ചപരിധി കുറയുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറേബ്യൻ ഗൾഫ് മേഖലയിൽ വൈകുന്നേരത്തോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഉൾപ്രദേശങ്ങളിൽ താപനില 43°C നും 47°C നും ഇടയിലായിരിക്കും.

അതേസമയം, വെള്ളിയാഴ്ച മുതൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും തീരദേശത്തും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയും സമാനമായ രീതിയിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം. വാരാന്ത്യത്തിലുടനീളം സമാനമായ കാലാവസ്ഥ തുടരും. തിങ്കളാഴ്ചയോടെ രാജ്യത്ത് വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *