രേഖകളില്ലാതെ താമസിച്ച ; ആറ് ബംഗ്ലാദേശ് സ്വദേശികൾ കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: കൃത്യമായ രേഖകളില്ലാതെ നിയമവിരുദ്ധമായി കൊച്ചി എരൂരിൽ താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച എരൂർ കുറ്റിപ്പാടം റോഡിലെ ഒരു ആക്രിക്കടയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പരിശോധനയ്ക്കിടെ ആക്രിക്കടയിലെ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്. രാകിവ് ഷാബ, മുഹമ്മദ് സോഹൽ ഫറാസ്, താരേഖ്, സോഗിർ, മൈധി ഹാസിദ, മുഹമ്മദ് അഗിൻ എന്നിവരാണ് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികൾ. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിയിൽ ജോലി ചെയ്തുവരികയാണെന്നും പ്രതികൾ സമ്മതിച്ചു.

പിടിയിലായ പ്രതികളെ പിന്നീട് ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ വെച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ ഇവരെ വിശദമായി ചോദ്യം ചെയ്തു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഇമിഗ്രേഷൻ – ഫോറിനേഴ്‌സ് ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതികൾ എങ്ങനെയാണ് കേരളത്തിൽ എത്തിയതെന്നും ഇവർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങളും വ്യാജ രേഖകളും ഒരുക്കി നൽകിയത് ആരാണെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ റിമാൻഡ് നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *