‘കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം’; തോമസ് ഐസക്

തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ധനബില്ലില്‍ നികുതി നിശ്ചയിച്ചുകൊണ്ട് കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് വി. ഡി സതീശന്റെ നീക്കമെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ബെക്കാഡി കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. നികുതി നിശ്ചയിക്കാത്തത് കൊണ്ടാണ് ഇതുവരെയും ബെക്കാര്‍ഡി കമ്പനിക്ക് കേരളത്തില്‍ വരാന്‍ കഴിയാഞ്ഞത്. ആ തടസമാണ് മുഖ്യമന്ത്രി എടുത്ത് മാറ്റിയത്. എക്‌സൈസ് മന്ത്രി എം. ലിജു മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

‘വി ഡി സതീശന്‍ ചെയ്യുന്നത് കൃഷിക്കാരോടുള്ള ഏറ്റവും വലിയ ചതിയാണ്. ബക്കാര്‍ഡി കമ്പനിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടുവന്നിട്ടില്ല. ബക്കാഡി കമ്പനിക്ക് വരാന്‍ കഴിയാത്തത് നികുതി നിശ്ചയിക്കാത്തത് കൊണ്ടാണ്. ജിഎസ്ടി കമ്മീഷണറാണ് അപേക്ഷ നിരസിച്ചത്. ഈ തടസമാണ് വി ഡി സതീശന്‍ എടുത്തുമാറ്റിയത്’, തോമസ് ഐസക് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള കെ മുരളീധരന്റെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. മദ്യാസക്തി കുറയാന്‍ ബക്കാഡി കമ്പനിയും റിലയന്‍സ് കമ്പനിയും ഉണ്ടാക്കി വില്‍ക്കണോ എന്ന് ചോദിച്ച തോമസ് ഐസക്, മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ കുത്തക കമ്പനികളോടുള്ള പ്രേമമാണെന്നും വിമര്‍ശിച്ചു.

സ്ഥിരം മദ്യപാനികള്‍ ഉണ്ടെന്നും അവര്‍ക്ക് നല്ല സാധനം കൊടുക്കണമെന്നതിനാലാണ് വീര്യം കുറഞ്ഞ മദ്യമെന്ന ആശയത്തിലേക്ക് വന്നതെന്നുമായിരുന്നു കെ മുരളീധരന്‍ ഇന്നലെ പറഞ്ഞത്. എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തമുണ്ടാകുന്നത് കുറയ്ക്കാനാണ് വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ തുടര്‍നീക്കം നിരീക്ഷിക്കുകയാണ് ഘടകകക്ഷികള്‍. യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും യോഗം വിളിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മദ്യവില്‍പ്പനയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *