മയക്കുമരുന്ന് കടത്ത്: മൂന്ന് വർഷത്തിനിടെ അറസ്റ്റിലായത് 4757 പേർ

ഷാർജ : മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 4757 പേരെ ഷാർജ പോലീസ് അറസ്റ്റുചെയ്തു. മൊത്തം 39.28 കോടി ദിർഹത്തിന്റെ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് ഷാർജ പോലീസ് ആസ്ഥാനത്ത് നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഭീഷണിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് ബോധവത്കരണ പരിപാടികൾക്ക് പോലീസ് നേതൃത്വംനൽകിവരുന്നു. വിവിധകേസുകളിലായി 1.15 കോടി മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കുകയും ലഹരിയുമായി ബന്ധപ്പെട്ട് 3632 കേസുകൾ കൈകാര്യംചെയ്യുകയുംചെയ്തു.

കർശനനിയമങ്ങൾ, പ്രതിരോധം, അവബോധം, ശക്തമായ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ മയക്കുമരുന്നിനെ ചെറുക്കാൻ യു.എ.ഇ. മികച്ചമാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പറഞ്ഞു. മയക്കുമരുന്നിനെതിരായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *