കണ്ണൂര്‍ : അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്‍എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയും കോളജ് അധ്യാപകനായിരുന്ന ഡോ. എംകെ റാമിന്റെ ഒളിത്താവളം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഡോ എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് റാം ആന്ധ്രയിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയത് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയസ്വാധീനമുള്ള റാമിനെ പിടികൂടാന്‍ ആന്ധ്ര പൊലിസിന്റെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തു വീട്ടില്‍ വൈ രാജന്, സി.ആര്.ലത ദമ്പതികളുടെ മകന് നിതിന്‍രാജ് കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടിമരിച്ചത്. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ12 നാണ് ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യംചെയ്യലിന് തടസ്സമില്ലെന്നും അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍നായരുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഏപ്രില്‍ 30 നാണ് അന്വേഷണം സിറ്റി പൊലീസ് മുന്‍ കമ്മിഷണര്‍ പി നിധിന്‍രാജിന്റെ നേത്യത്വത്തിലുണ്ടായിരുന്ന പ്രത്യേക അന്വേഷണസംഘത്തില്‍നിന്നും ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിറ്റൂരിലുള്ളത്. ഇതിനിടെ പൊലിസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുന്ന ഡോക്ടര്‍ എംകെ റാം സുപ്രീം കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം നേടാനുള്ള അണിയറ നീകങ്ങളും നടത്തുന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
