സംസ്ഥാനത്ത് വീടുകളിലെ പ്രസവം വർധിക്കുന്നു; കൂടുതൽ കേസുകൾ മലപ്പുറത്ത്

മലപ്പുറം: ആരോഗ്യ കേരളത്തിന് വലിയ തിരിച്ചടിയായി സംസ്ഥാനത്തെ വീടുകളിലെ പ്രസവങ്ങളുടെ കണക്കുകൾ. വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിച്ചു. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
വിവരാവകാശ രേഖകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിലെ പ്രസവങ്ങൾ നടന്നത്. ഒരു വർഷത്തിനിടെ 50 കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ജനുവരിയിൽ മാത്രം 14 പ്രസവങ്ങൾ നടന്നു. മാത്രമല്ല ഈ 14 കേസുകളിൽ മൂന്ന് നവജാത ശിശുക്കൾ മരണപ്പെട്ടു എന്നത് വിഷയത്തെ ആശങ്കാജനകമാക്കുന്നു. ഇടുക്കി (27) തിരുവനന്തപുരം (20 ) വയനാട് (17) എറണാകുളം (16) എന്നിങ്ങനെ ആണ് മറ്റു ജില്ലകളിലെ കണക്കുകൾ. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം കോട്ടയത്ത് മൂന്നും കാസർകോഡ് നാലും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അശാസ്ത്രീയമായ പ്രസവ രീതികളും പ്രകൃതി ചികിത്സാ രീതികളോടുള്ള അമിത താല്പര്യവും ആണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വീടുകളിലെ പ്രസവം കുറയ്ക്കാനായി നിയമപോരാട്ടം നടത്തുന്ന താനൂർ സർക്കാർ ആശുപത്രിയിലേ ഡോക്ടർ കഴിഞ്ഞ രണ്ട്‌ വർഷമായി നടത്തുന്ന ഇടപെടലുകൾക്ക് ഫലം ഉണ്ടാവുന്നതിൽ ആശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ശിശുമരണങ്ങൾ ഉണ്ടാവുന്നത് ഗൗരവകരമായ കാര്യമാണെന്നും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *