ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതിയുടെ സമൻസ്. ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതി സമൻസ് നൽകിയത്. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-42 ആണ് ഇരുവർക്കുമെതിരേ സമൻസ് പുറപ്പെടുവിച്ചത്.
പരാതിയിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച കോടതി, ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, ദിനേശ് ഗുണ്ടുറാവു എന്നിവരേയും കോൺഗ്രസ് നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്.
എന്നാൽ, രണ്ടാംപ്രതിയായ മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ കോടതി നടപടികളിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് പ്രിയങ്ക് ഖാർഗെയെ ഒന്നാം പ്രതിയാക്കിയും മുഹമ്മദ് നാലപ്പാടിനെ മൂന്നാംപ്രതിയാക്കിയും ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇരുവർക്കുമെതിരേ സമൻസും പുറപ്പെടുവിച്ചു. കേസ് ഇനി ജൂലായ് 21-ന് കോടതി പരിഗണിക്കും
