ബിജെപി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് മേയർ വി. വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന റിപ്പോർട്ടുകളില്‍ പ്രതികരിച്ച് മേയര്‍ വി വി രാജേഷ്. ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫിന്റെ വിഷമം മനസ്സിലാക്കാമെന്നും എന്നാല്‍ യുഡിഎഫ് സങ്കടപ്പെടുന്നത് എന്തിനാണെന്നും വി. വി രാജേഷ് ചോദിച്ചു. ഭരണത്തില്‍ എത്തിയപ്പോള്‍ തന്നെ ആറ് മാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ജനാധിപത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും വളരെ പോസിറ്റീവായി ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ മുന്നണി പോലെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്-സിപിഐഎം സഖ്യശക്തി രാഷ്ട്രീയം നടക്കുകയാണ്. കേരളത്തില്‍ സഖ്യം തുടങ്ങാന്‍ തിരുവനന്തപുരം തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ഇരുവരും ഒന്നിച്ചാല്‍ പിണറായി വിജയന്റെ പ്രതിപക്ഷ കസേര ബി. ബി ഗോപകുമാറിന് കൊടുക്കണം. പിന്നെ സിപിഐഎം അവിടെ ഇരിക്കുന്നതില്‍ കാര്യം ഇല്ലല്ലോയെന്നും മേയര്‍ പരിഹസിച്ചു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നാണ് സിപിഐഎം കരുതുന്നതെങ്കില്‍ ജനങ്ങള്‍ മറുപടി നല്‍കും. ബിജെപി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും വി. വി രാജേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *