കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. കാസര്‍കോട് ഇരുപതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ജൂലൈ ഒന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. അന്തര്‍ സംസ്ഥാന ബസുകളിലുള്‍പ്പടെ യാത്രക്കാരില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. കോഴിക്കോട് നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ഒരു ദിവസം ഒരു ബസിന് മാത്രം 4000 രൂപയോളം നുഷ്ടമെന്നാണ് ഇവര്‍ പറയുന്നത്.
കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി ബസുകളെയാണ് ഇപ്പോള്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കാസര്‍കോട് എഴ് ബസ് റൂട്ടുകളോളം കര്‍ണാടകയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ റൂട്ടുകളിലൊന്നും സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറുന്നില്ല. ഒരു ദിവസം 115 രൂപ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് കിട്ടുന്നതെന്നതും പ്രതിസന്ധിയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സ്വകാര്യ ബസ് മേഖലയിലുള്ളതെന്നും ഇവര്‍ പറയുന്നു. കാസര്‍കോട് വെറും മൂന്ന് റൂട്ടുകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തത്. എന്നാല്‍ ഇതൊക്കെ പരമാവധി 15 -18 രൂപ പോയിന്റുകള്‍ മാത്രമാണെന്നതും പ്രതിസന്ധിയാണ്.
കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളടക്കം നിര്‍ത്താനാണ് തീരുമാനം. ഒരു ദിവസം 4000 മുതല്‍ 6000 വരെയാണ് നഷ്ടം എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. പ്രിയദര്‍ശിനി സൗജന്യ യാത്ര വന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറുമ്പോള്‍ അവരോടൊപ്പമുള്ള പുരുഷന്മാരും അത്തരം ബസുകള്‍ തന്നെ ഉപയോഗിക്കുന്നതും സ്വകാര്യ ബസില്‍ യാത്രക്കാര്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
