ഡൽഹിയിൽ രാഹുൽ ​ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ

ന്യൂഡൽഹി: ഡൽഹിയിലെ വിവിധഭാ​ഗങ്ങളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ. രാഹുൽ​ഗാന്ധിയുടെ ചിത്രം സഹിതമുള്ള ‘മിസ്സിങ്’ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, ആരാണ് തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. രാഹുൽ ​ഗാന്ധിയുടെ വിദേശയാത്രകളെച്ചൊല്ലി ബിജെപി നിരന്തരം വിമർശനം തുടരുന്നതിനിടെയാണ് ഡൽഹിയിൽ ‘മിസ്സിങ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിജെപി ദേശീയ വക്താവ് ഷെഹ്സാ​ദ് പൂനാവാലെയും കഴിഞ്ഞദിവസം രാഹുൽ ​ഗാന്ധിക്കെതിരേ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു.

രാ​ഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവ് അല്ല ‘ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്’ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.രാജ്യമോ രാജ്യത്തെ ജനങ്ങളോ പാർലമെന്റോ അല്ല അദ്ദേഹത്തിന്റെ പ്രഥമ പരി​ഗണന. പകരം ടൂറിസത്തിനാണ് അദ്ദേഹം ആദ്യപരി​ഗണന നൽകുന്നത്. കോൺഗ്രസ് പാർട്ടിക്ക് എപ്പോഴാണോ പിന്തുണ ആവശ്യമുള്ളത്, ആ സമയത്ത് അദ്ദേഹം ഓടിപ്പോകും. പാർലമെന്റ് സമ്മേളന കാലയളവിലും അദ്ദേഹം ഒളിച്ചോടും. രാഹുൽ ​ഗാന്ധി സ്ഥിരമായി ഒരു അവധിക്കാല മൂഡിലാണെന്നും ഷെഹ്സാദ് പൂനാവാല പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിട്ടുള്ളത് നരേന്ദ്ര മോദിയാണ്. വിദേശയാത്രകൾ കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരിക്കാൻ രാഹുൽ ​ഗാന്ധിക്ക് കഴിയും. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 9000-ലേറെ ദിവസമാണ് നരേന്ദ്രമോദി രാജ്യത്തെ സേവിച്ചത്. അതാണ് സേവനം. എന്നാൽ, വിദേശയാത്രകൾ കാരണം രാഹുൽ ​ഗാന്ധി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാ​ഹുൽ​ ​ഗാന്ധിയുടെ നിരന്തരമുള്ള വിദേശയാത്രകൾക്കായുള്ള സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ചും ബിജെപി നേതാവ് ആരോപണമുന്നയിച്ചു. ‘അവധിക്കാലത്തിനിടയിൽ കുറച്ചുകാലം മാത്രമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വിദേശസന്ദർശനത്തിനായി അദ്ദേഹം കോടികൾ ചെലവഴിക്കുന്നു. എന്നാൽ, ഇതിന്റെ കണക്കുകളൊന്നും നൽകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. രാഹുൽ ​ഗാന്ധിയുടെ വിദേശയാത്രകൾക്ക് പിന്നിൽ ഇന്ത്യാവിരുദ്ധ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ പിന്തുണയുണ്ട്’ ബിജെപി നേതാവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *