സ്ത്രീകൾക്കായി മുൻ സർക്കാർ നടപ്പാക്കിയ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാവപ്പെട്ട കുടുംബങ്ങളിലെ വരുമാനമില്ലാത്ത സ്ത്രീകള്‍ക്കായി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രതിമാസ ധനസഹായം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണെന്നും സഭ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയത്തില്‍ ബജറ്റ് ചര്‍ച്ചയില്‍ മറുപടി നല്‍കിയതാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ല, മറിച്ച് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘വിഷയം ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി ഇതിന്റെ വിശദാംശങ്ങള്‍ പറഞ്ഞിരുന്നു. 2026 ഫ്രെബുവരി 11 നാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട വിതരണവും നടത്തിയത്. മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണിത്. ഫെബ്രുവരിയിലെയും മാര്‍ച്ചിലേയും ധനസഹായം മാര്‍ച്ച് 16നാണ് അനുവദിക്കുന്നത്. അന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിലവില്‍ വന്നത്. ഒരു തയ്യാറെടുപ്പും കൂടാതെയാണ് പരിശോധന നടത്തിയത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ ഫീല്‍ഡ്‌ലെവല്‍ പരിശോധന നടത്തിയില്ലെന്ന ആക്ഷേപം ഉണ്ട്. പരാതികള്‍ ഉള്‍പ്പെടെ പരിശോധിക്കാതെ പദ്ധതി തുടരുമോ ഇല്ലയോ എന്ന് പറയാനാകില്ല. തുടരണമെന്നുണ്ടെങ്കില്‍ 1770 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല’, എന്നാണ് വി ഡി സതീശന്‍ സഭയെ അറിയിച്ചത്.

എ സി മൊയ്ദീന്‍, കെ. രാജന്‍, പി കെ പ്രവീണ്‍ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്ന കാര്യം പരിശോധിക്കണമെന്നും അതിവേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ടവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതിരിക്കുകയാണെന്നും എ.സി മൊയ്ദീൻ പറഞ്ഞു. വീട്ടമ്മമാര്‍ക്ക് ഗാര്‍ഹികജോലിയുടെ മൂല്യം കണക്കിലെടുത്ത് സാമൂഹിക സുരക്ഷ നല്‍കുന്ന പദ്ധതി ഒരുസംസ്ഥാനത്തുമില്ല. 2025 ഒക്ടോബറിലാണ് സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുടെ നടപടിക്രമം തുടങ്ങിയത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ചിരുന്ന് പഞ്ചായത്തില്‍ നിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതാണ്. അതില്‍ സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നും എ. സി മൊയ്തീന്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതിയെ തകര്‍ക്കാന്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രി കാണിക്കുന്ന ഇരട്ടത്താപ്പ് നയം ശരിയല്ല. പദ്ധതി നിര്‍ത്തിവെച്ചിട്ടാണോ പരിശോധന നടത്തുകയെന്നും എ. സി മൊയ്തീന്‍ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *