തൃണമൂലിന് വീണ്ടും തിരിച്ചടി; യുവനേതാവ് പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നു

മാൽഡ: തൃണമൂൽ കോൺഗ്രിന് വീണ്ടും തിരിച്ചടി. മാൽഡ ജില്ലാ യൂത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ പ്രസൻജിത് ദാസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലുണ്ടായ കടുത്ത ആഭ്യന്തര ഭിന്നതയും തകർച്ചയും തുടരുന്നതിനിടയിലാണിത്. മാൽഡയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇഷാ ഖാൻ ചൗധരി, മൗസം നൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള വിമത നീക്കങ്ങളാണ് ഉടലെടുത്തിരുന്നത്.

പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള അതൃപ്തിയും ആഭ്യന്തര തർക്കങ്ങളുമാണ് ജില്ലയിൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള പ്രസൻജിത് ദാസിനെ ഒടുവിൽ കോൺഗ്രസ് പാളയത്തിൽ എത്തിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മാൽഡ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് കോട്ടകളിൽ വിള്ളൽ വീഴ്ത്തുന്നതാണ് പ്രസൻജിത് ദാസിന്റെ രാഷ്ട്രീയ മാറ്റം. ഇഷാ ഖാൻ ചൗധരിയും മൗസം നൂറും അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും, പ്രസൻജിത് ദാസിന്റെ കടന്നുവരവ് മാൽഡയിലും പരിസര പ്രദേശങ്ങളിലും കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ഉണർവും കരുത്തും പകരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ സൗത്ത് ദിനാജ്പൂർ ജില്ലയിലെ ഹിലി പഞ്ചായത്ത് സമിതിയിൽ കൂട്ട രാജിയുണ്ടായി. പഞ്ചായത്ത് സമിതി സഭാപതിയും (പ്രസിഡന്റ്) തൃണമൂൽ കോൺഗ്രസ് നേതാവുമായ സരസ്വതി സർക്കാർ മണ്ഡലും അഞ്ച് ഭരണകക്ഷി അംഗങ്ങളുമാണ് ഇന്നലെ രാജിവെച്ചത്. ഇതോടെ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സമിതി ഭരണസമിതിയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായി. സമിതിയിലെ മറ്റ് അഞ്ച് തൃണമൂൽ അംഗങ്ങൾ രാജിവെച്ചിട്ടില്ല. 14 സീറ്റുകളാണ് ഹിലി പഞ്ചായത്ത് സമിതിയിലുള്ളത്. 2023-ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചത്. ബിജെപിക്ക് രണ്ടും സിപിഎമ്മിന് ഒരു സീറ്റുമാണ് ഇവിടെയുള്ളത്. തൃണമൂലിന്റെ 11 അംഗങ്ങളിൽ ആറ് പേർ ഒന്നിച്ച് രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *