എണ്ണ ഉല്പാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അടക്കമുള്ള ഏഴ് ഒപെക് പ്ലസ് രാജ്യങ്ങൾ

റിയാദ്: അടുത്ത മാസം മുതൽ എണ്ണ ഉല്പാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അടക്കമുള്ള ഏഴ് ഒപെക് പ്ലസ് രാജ്യങ്ങൾ. പ്രതിദിനം 1.88 ലക്ഷം ബാരൽ ഉൽപ്പാദനം വർധിപ്പിക്കാനാണ് തീരുമാനം. വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ആഗോള എണ്ണവില സ്ഥിരമായി നിലനിർത്തുകയും വിപണിയിൽ അമിത വിതരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ എണ്ണ ഉത്പാദനം നിയന്ത്രിച്ചിരുന്നു. ഈ സാഹചര്യത്തിനാണ് മാറ്റം വരാൻ പോകുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് രാജ്യങ്ങളാണ് എണ്ണ ഉത്പാദനം വർധിപ്പിക്കാൻ ധാരണയായത്. അടുത്ത മാസം അതായത് ആഗസ്റ്റ് മാസം മുതലാണ് ഉത്പാദനം വർധിപ്പിക്കുക. വിപണി സാഹചര്യം, ഡിമാന്റ് എന്നിവ അനുസരിച്ച് ഉൽപ്പാദനം വർധിപ്പിക്കാനോ, വർധന താൽക്കാലികമായി നിർത്താനോ, വീണ്ടും കുറയ്ക്കാനോ രാജ്യങ്ങൾക്ക് പൂർണ അധികാരമുണ്ടാകും. ആഗോള എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *