കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിക്ക് കീഴിലെ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളിൽ പ്രതിസന്ധി തുടരുന്നു. പാസ്പോർട്ട് സേവനം അടിയന്തര കേസുകൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ജൂലൈ ഒമ്പത് വരെ നീട്ടിയിട്ടുണ്ട്. തൽക്കാൽ പാസ്പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, സിവിൽ ഐ.ഡി കാലഹരണപ്പെടുന്ന കേസുകളിൽ ഷോർട്ട് ടേം പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ് അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുന്നത്. ഭരണപരമായ കാരണങ്ങളാലാണ് പാസ്പോർട്ട് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് അധികൃതർ അറിയിക്കുന്നത്.
സാധാരണ പാസ്പോർട്ട് അപേക്ഷ, അറ്റസ്റ്റേഷൻ അപേക്ഷകൾ എന്നിവ ജൂലൈ ഒമ്പത് വരെ സ്വീകരിക്കുകയോ പ്രോസസ് ചെയ്യുകയോ ചെയ്യില്ല.അടിയന്തര സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർ രാവിലെ ഒമ്പതിനും ഉച്ചക്ക് 12നും ഇടയിൽ എംബസിയിൽ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഒരാഴ്ചയിലധികം പാസ്പോർട്ട് സേവനങ്ങളിൽ തടസ്സം നേരിട്ടതോടെ പ്രവാസികൾ പ്രയാസത്തിലാണ്. ജൂലൈ ഒന്ന് മുതൽ കുവൈത്തിൽ പാസ്പോർട്ട് സേവന ദാതാക്കളെ മാറ്റിയിരുന്നു. ബി.എൽ.എസിന് പകരം ഡു ഡിജിറ്റലിനാണ് ചുമതല നൽകിയത്. ഇന്ന് മുതൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുവൈത്ത് സന്ദർശിക്കുന്നുണ്ട്.
