കുവൈത്തിലും പാസ്​പോർട്ട്​ പ്രതിസന്ധി; ജൂലൈ ഒമ്പത്​ വരെ അടിയന്തര സേവനങ്ങൾ മാത്രം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിക്ക്​ കീഴിലെ പാസ്​പോർട്ട്​, വിസ, കോൺസുലാർ സേവനങ്ങളിൽ പ്രതിസന്ധി തുടരുന്നു. പാസ്​പോർട്ട്​ സേവനം അടിയന്തര കേസുകൾക്ക്​ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​ ​ ജൂ​ലൈ ഒമ്പത്​ വരെ നീട്ടിയിട്ടുണ്ട്. തൽക്കാൽ പാസ്​പോ​​ർട്ട്​, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്​, സിവിൽ ഐ.ഡി കാലഹരണപ്പെടുന്ന കേസുകളി​ൽ ഷോർട്ട്​ ടേം പാസ്​പോ​ർട്ട്​, എമ​ർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ്​ അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുന്നത്​. ഭരണപരമായ കാരണങ്ങളാലാണ്​ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയത്​ എന്നാണ്​ അധികൃതർ അറിയിക്കുന്നത്​.

സാധാരണ പാസ്​പോർട്ട്​ അപേക്ഷ, അറ്റസ്​റ്റേഷൻ അപേക്ഷകൾ എന്നിവ ജൂലൈ ഒമ്പത്​ വരെ സ്വീകരിക്കുകയോ പ്രോസസ്​ ചെയ്യുകയോ ചെയ്യില്ല.അടിയന്തര സേവനങ്ങൾക്ക്​ അപേക്ഷിക്കുന്നവർ രാവിലെ ഒമ്പതിനും ഉച്ചക്ക്​ 12നും ഇടയിൽ എംബസിയിൽ എത്തണമെന്നും നി​ർദേശിച്ചിട്ടുണ്ട്​. അതേസമയം, ഒരാഴ്ചയിലധികം പാസ്​പോർട്ട്​ സേവനങ്ങളിൽ തടസ്സം നേരിട്ടതോടെ പ്രവാസികൾ പ്രയാസത്തിലാണ്​. ജൂ​ലൈ ഒന്ന്​ മുതൽ കു​വൈത്തിൽ പാസ്​പോർട്ട്​ സേവന ദാതാക്കളെ മാറ്റിയിരുന്നു. ബി.എൽ.എസിന്​ പകരം ഡു ഡിജിറ്റലിനാണ്​ ചുമതല നൽകിയത്​. ഇന്ന്​ മുതൽ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ കുവൈത്ത്​ സന്ദർശിക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *