മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും ?

കോഴിക്കോട്: മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി. യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ വന്ദേഭാരത് എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ ഗുണകരമായേക്കും.

മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കായി ബൈന്ദൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മംഗല്‍പ്പാടിയിലെ എംആര്‍പിഎല്ലില്‍ ‘സ്വച്ഛതാ പക്ക്വാഡ’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ മറ്റ് വന്ദേഭാരത് സര്‍വീസുകള്‍ 150 ശതമാനത്തിലേറെ ഒക്യുപെന്‍സിയോടെ വന്‍ലാഭത്തില്‍ ഓടുമ്പോള്‍ മംഗളൂരു-ഗോവ തീവണ്ടിയില്‍ പകുതിയോളം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

മുമ്പ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നെങ്കിലും കര്‍ണാടകയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. മൂകാംബിക, ഉഡുപ്പി, മുരുഡേശ്വര്‍ തീര്‍ഥാടകര്‍ക്ക് പുറമേ, കേരളത്തില്‍നിന്ന് ഗോവയിലേക്ക് നേരിട്ട് വേഗത്തിലെത്താന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും ഈ സര്‍വീസ് ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *