മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈയെയും സമീപ ജില്ലകളെയും പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ മതിലുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 18 മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ടണല്‍ 2ന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗതാഗതം, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ വീണ്ടും തുറന്നുകൊടുത്തത്.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടവും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുണെ ജില്ലയില്‍ മാത്രം തിങ്കളാഴ്ചയുണ്ടായ വ്യത്യസ്ത മഴക്കെടുതികളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാല് പേര്‍ മരിച്ചു. മാവല്‍ താലൂക്കിലെ പടാന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. മറ്റൊരാള്‍ മതില്‍ തകര്‍ന്നു വീണാണ് മരിച്ചത്. മണ്ണിടിച്ചിലും പ്രളയവും രൂക്ഷമായ പുണെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *