തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്. പിശക് കണ്ടെത്തിയതിന് പിന്നാലെ അതിവേഗം തിരുത്തി പൊതു ഭരണ വകുപ്പ് തലയൂരി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിഎയുടെ നിയമന ഉത്തരവിലാണ് ഗുരുതരമായ വാചകപ്പിശക് സംഭവിച്ചത്. നിയമിച്ചത് ചീഫ് സെക്രട്ടറിയായെന്നാണ് ഉത്തരവില് പറയുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതിന് പിന്നാലെ ഇത് തിരുത്തി പുതിയ ഉത്തരവിറക്കുകയായിരുന്നു. പൊതുഭരണ വകുപ്പ് ജൂൺ 30-ന് പുറത്തിറക്കിയ ഉത്തരവിലാണ് അബദ്ധം സംഭവിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് 1 സിഎ ആയ പ്രദീപ് കുമാറിനെ സ്ഥലംമാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഉത്തരവ് ടൈപ്പ് ചെയ്തപ്പോൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ‘തസ്തികയിലെ ഒഴിവിൽ’ എന്ന് എഴുതുന്നതിന് പകരം “ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിൽ സ്ഥലംമാറ്റി നിയമിക്കുന്നു” എന്നാണ് രേഖപ്പെടുത്തിയത്.
”ഭരണഭാഷ-മാതൃഭാഷ” എന്ന തലക്കെട്ടോടെ ഇറങ്ങിയ ഔദ്യോഗിക ഉത്തരവിലാണ് മലയാള ഭാഷാ പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചത്. അർത്ഥം മാറിയത് ശ്രദ്ധയിൽപ്പെട്ട പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ ഉടനടി തന്നെ തിരുത്തൽ ഉത്തരവ് ഇറക്കി. തിടുക്കത്തിൽ ഉത്തരവുകൾ തയാറാക്കുമ്പോൾ ഉദ്യോഗസ്ഥർ പുലർത്തേണ്ട ജാഗ്രതക്കുറവാണ് ഇത്തരം അബദ്ധങ്ങൾക്ക് കാരണമാകുന്നതെന്ന വിമർശനമാണ് ഉയരുന്നത്.
