തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി മാലിന്യം വലിച്ചെറിയുന്നതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും പാർട്ടി അറിവോടെയാണ് ഇത് നടക്കുന്നതെന്നും മേയർ വി.വി രാജേഷ്. കോർപ്പറേഷൻ ഭരണം നഷ്ടമായത് ഇനിയും ഉൾക്കൊള്ളാനാകാതെ നിലവിലെ ഭരണസമിതിയെ അപകീർത്തിപ്പെടുത്താനായി സി.പി.എം മാലിന്യ മാഫിയയ്ക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ആമയിഴഞ്ചാൻതോട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ഷമീറിന്റെ ചിത്രം പ്രദർശിപ്പിച്ചായിരുന്നു മേയറുടെ പത്രസമ്മേളനം.
ഷമീർ ചാലയിലെ സജീവ സി.പി.എം പ്രവർത്തകനാണെന്ന് മേയർ പറഞ്ഞു. മാലിന്യ മാഫിയ നഗരത്തിൽ തഴച്ചുവളരുകയാണ്. പ്രവർത്തകരെ നേരിട്ട് ഇറക്കിയാണ് സി.പി.എം പലയിടത്തും മാലിന്യം വലിച്ചെറിയുന്നത്. വാഹനത്തിൽ മാരകായുധങ്ങളുമായാണ് ഇവരുടെ കറക്കം. ഇത്തരം പ്രവർത്തനങ്ങൾക്ക് തലസ്ഥാനത്തെ മുൻ മന്ത്രിയടക്കമുള്ള സി.പി.എം നേതാക്കൾ സഹായം ചെയ്യുകയാണെന്നും ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നതെന്നും മേയർ പറഞ്ഞു.
മാലിന്യം വലിച്ചെറിഞ്ഞതിൽ അറസ്റ്റിലായവരുടെ ഉന്നതനേതാക്കളുമായുള്ള ബന്ധങ്ങൾ അന്വേഷിക്കണം. നഗരത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നിരവധി അപര്യാപ്തതകൾ നിറഞ്ഞതാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഉടൻ ലക്ഷ്യം കാണും. ഹോട്ടലുകൾ അംഗീകൃത ഏജൻസികൾക്ക് മാത്രം മാലിന്യം കൈമാറണം. അനധികൃത മാഫിയകളെ പൂർണമായും അടിച്ചമർത്തും. പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. സ്ഥലം ഉൾപ്പെടെയുള്ളവയിൽ ധാരണയായിട്ടുണ്ടെന്നും കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പ്ലാന്റുകൾ പ്രായോഗികമാണെന്നും മേയർ പറഞ്ഞു.
