‘മരിച്ചവർ ബോട്ടിന്റെ പിറകിലിരുന്നവർ, മൂന്ന് മിനിറ്റിൽ അപകടം’; അവിശ്വസനീയ ദുരന്തമെന്ന് ലാവ മൊബൈൽസ്

ന്യൂഡൽഹി/ഹനോയ്: വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ മിക്കവരും ലാവ മൊബൈൽകമ്പനി സംഘടിപ്പിച്ച യാത്രയിലെ അം​ഗങ്ങൾ. ലാവ മൊബൈൽസ് വിതരണക്കാർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച വിയറ്റ്നാം ടൂറിന്റെ ഭാ​ഗമായാണ് ബോട്ടിലെ സഞ്ചാരികളിൽ മിക്കവരും വിയറ്റ്നാമിലെത്തിയത്. യാത്രതുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അപകടം സംഭവിച്ചെന്നും ബോട്ട് തലകീഴായി മറിഞ്ഞെന്നുമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞത്.

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമാണ് ബോട്ട് അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചത്. ഇതിൽ മലയാളികളായ ദമ്പതികളും ഉൾപ്പെടുന്നു. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലോവിന തോമസ് എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. മരിച്ചവരിൽ പത്തുപേർ തമിഴ്നാട് സ്വദേശികളും മൂന്നുപേർ ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്.

ബിസിനസ് ടാർ​ഗറ്റ് കൈവരിച്ചതിന് ലാവ മൊബൈൽസ് സംഘടിപ്പിച്ച ടൂറിന്റെ ഭാ​ഗമായി വിയറ്റ്നാമിൽ എത്തിയവരായിരുന്നു ബോട്ടിലെ യാത്രക്കാരിൽ ഭൂരിഭാ​ഗംപേരും. യാത്ര തുടങ്ങി മൂന്നുമിനിറ്റിനുള്ളിൽ തന്നെ ബോട്ട് മറിഞ്ഞെന്നാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലാവ മൊബൈൽസ് ജീവനക്കാരൻ നിർമൽ കുമാർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ‘ ക്ലോസ്ഡ് ആയ ഒരു സ്പീഡ് ബോട്ടായിരുന്നു അത്. ഏകദേശം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അപകടമുണ്ടായി. ശക്തമായ തിരയടിച്ചതോടെ ബോട്ട് തലകീഴായി മറിഞ്ഞു. ബോട്ടിൻ്റെ പിറകിലുണ്ടായിരുന്നവരാണ് മരിച്ചത്’, നടുക്കം മാറാതെ നിർമൽ കുമാർ പറഞ്ഞു.

വിയറ്റ്നാമിലുണ്ടായ ബോട്ട് ദുരന്തത്തിൽ ലാവ മൊബൈൽസും അതീവ ദുഃഖം രേഖപ്പെടുത്തി. അവിശ്വസനീയമായ ദുരന്തമാണ് സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്കുവേണ്ട എല്ലാവിധ പിന്തുണയും നൽകുമെന്നും ലാവ മൊബൈൽസ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. മൃതദേഹങ്ങൾ എത്രയുംവേ​ഗം നാട്ടിലെത്തിക്കാനായി വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *