റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ വിവിധ ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാൻ, അസീർ, അൽ ബഹ, തബൂക്ക്, മദീന, റിയാദ്, നജ്റാൻ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യത. കിഴക്കൻ പ്രവിശ്യയിലും ജിസാനിലേക്കുള്ള തീരദേശ റോഡിലും കാറ്റ് ശക്തമാകും. ഇതോടെ ഇവിടങ്ങളിൽ കാഴ്ച പരിധി പൂർണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്.
അതേസമയം ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്. ഇത് മക്ക പ്രവിശ്യയുടെ തെക്കൻ മലയോര മേഖലകളിലേക്കും വ്യാപിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനിടെ കിഴക്കൻ പ്രവിശ്യ, റിയാദ് അടക്കമുള്ള സൗദിയുടെ പ്രധാന നഗരങ്ങൾ നിലവിൽ ചുട്ടുപൊള്ളുകയാണ്.
