രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എഐ സർവകലാശാല കർണാടകയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ ഗൂഗിൾ ഐ.ഒ. കണക്ട് ഇന്ത്യ- 2026 സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ 100 ഏക്കർ കാമ്പസ് സർവകലാശാലയ്ക്കുണ്ടാകും. കലബുറഗി, ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ സർവകലാശാലയ്ക്ക് പ്രാദേശിക കേന്ദ്രങ്ങളുണ്ടാകും. ഐ.ഐ. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഇനവേഷന്റെയും സംരംഭകത്വത്തിന്റെയും സെന്റർ ഓഫ് എക്‌സലൻസായിരിക്കും ഈ ലോകോത്തര കാമ്പസെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് എ ഐ നഗരങ്ങളിലൊന്നായും ഇന്ത്യയിലെ 40 ശതമാനം യൂണികോൺ സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായും ബെംഗളൂരു മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. കർണാടകത്തിന്റെ കഴിവും ഇനവേഷൻ ആവാസവ്യവസ്ഥയും സംരംഭകത്വ മനോഭാവവും ഇത് അടയാളപ്പെടുത്തും. കർണാടകത്തെ ഇന്ത്യയുടെ എ.ഐ. തലസ്ഥാനമായി മാറ്റുകയെന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *