തിരുവനന്തപുരം: കോടതി ഇടപെടലുകൾ മൂലം ശബരിമല വിഷയങ്ങളിൽ സർക്കാരിന് തീരുമാനങ്ങളെടുക്കാനാകുന്നില്ലെന്ന ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തെ സ്വാഗതം ചെയ്യുകയും ഇപ്പോൾ തടസ്സമായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണെന്നും പിണറായി പറഞ്ഞു. യുഡിഎഫ് സർക്കാർ സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു: ”ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ബഹു. ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘമാണല്ലോ ഈ കേസ് അന്വേഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാർ നിയമിക്കുകയുണ്ടായി. വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് അത് റദ്ദുചെയ്യേണ്ടിവന്നത്. പ്രതിഭാഗം വക്കീലിന് പ്രോസിക്യൂഷൻ ഏൽപ്പിച്ചാൽ കേസ് നല്ലരീതിയിൽ നടത്താനാകും എന്ന വിചിത്ര ന്യായമാണ് അന്ന് മന്ത്രി പറഞ്ഞതെന്നും പിണറായി പറഞ്ഞു.
ശബരിമല സ്വർണ്ണകൊള്ള കേസ് UDF അട്ടിമറിക്കുന്നു
