LDF-ൽ ഒറ്റയ്ക്കുനീങ്ങാൻ CPI

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ഭിന്നതയിലേക്കുമാറി. രാഷ്ട്രീയവിഷയങ്ങൾ ഏറ്റെടുത്ത് ഒറ്റയ്ക്കു മുന്നോട്ടുപോകാൻ സി.പി.ഐ. നിർവാഹകസമിതി യോഗം തീരുമാനിച്ചു. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സി.പി.ഐ. തനിച്ചു സമരം നടത്തും. പി.എം.ശ്രീ വിഷയവും സജീവമായി ഉന്നയിക്കും. ഈ രണ്ടു വിഷയത്തിലും സി.പി.എമ്മിന്റെ നിലപാടുമായി യോജിച്ചുപോകാനാകാത്ത സ്ഥിതിയുണ്ടെന്ന് സി.പി.ഐ. വിലയിരുത്തി. എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.ഐ. പങ്കെടുക്കില്ല. എന്നാൽ, എൽ.ഡി.എഫിൽനിന്ന് മാറിനിൽക്കാനോ മുന്നണിയോഗത്തിൽ പങ്കെടുക്കാതിരിക്കാനോ തീരുമാനിച്ചിട്ടില്ല. സി.പി.എം. നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സി.­പി.ഐ.യെ അനുനയിപ്പിക്കാൻ ചൊവ്വാഴ്ച എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൻ. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. ഉപനേതാവ് പദവി തീരുമാനിക്കുന്നതിന് കുറച്ചുകൂടി സമയവും ചർച്ചയും വേണമെന്നും അതുവരെ മുന്നണിയുമായി സഹകരിച്ചുപോകണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *