തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ഭിന്നതയിലേക്കുമാറി. രാഷ്ട്രീയവിഷയങ്ങൾ ഏറ്റെടുത്ത് ഒറ്റയ്ക്കു മുന്നോട്ടുപോകാൻ സി.പി.ഐ. നിർവാഹകസമിതി യോഗം തീരുമാനിച്ചു. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സി.പി.ഐ. തനിച്ചു സമരം നടത്തും. പി.എം.ശ്രീ വിഷയവും സജീവമായി ഉന്നയിക്കും. ഈ രണ്ടു വിഷയത്തിലും സി.പി.എമ്മിന്റെ നിലപാടുമായി യോജിച്ചുപോകാനാകാത്ത സ്ഥിതിയുണ്ടെന്ന് സി.പി.ഐ. വിലയിരുത്തി. എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.ഐ. പങ്കെടുക്കില്ല. എന്നാൽ, എൽ.ഡി.എഫിൽനിന്ന് മാറിനിൽക്കാനോ മുന്നണിയോഗത്തിൽ പങ്കെടുക്കാതിരിക്കാനോ തീരുമാനിച്ചിട്ടില്ല. സി.പി.എം. നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സി.പി.ഐ.യെ അനുനയിപ്പിക്കാൻ ചൊവ്വാഴ്ച എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൻ. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. ഉപനേതാവ് പദവി തീരുമാനിക്കുന്നതിന് കുറച്ചുകൂടി സമയവും ചർച്ചയും വേണമെന്നും അതുവരെ മുന്നണിയുമായി സഹകരിച്ചുപോകണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
LDF-ൽ ഒറ്റയ്ക്കുനീങ്ങാൻ CPI
