യജമാനന്‍റെ മരണത്തിന് പിന്നാലെ വിശ്വസ്തനായ വളർത്തുനായയും ചത്തു; ഇവർക്കും ഒരുമിച്ച് വിലാപയാത്ര

മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഴം തെളിയിക്കുന്ന ഹൃദയഭേദക സംഭവമാണ് മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 67 -കാരനായ പ്രദീപ് ജെയിന്‍റെ അന്ത്യയാത്ര ആരംഭിച്ച് നിമിഷങ്ങൾക്കകം, 15 വർഷമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വളർത്തുനായ ‘ഡുഗ്ഗു’യും മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വികാരഭരിതമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അസുഖത്തെ തുടർന്ന് ഭോപ്പാലിലെ എയിംസിൽ ചികിത്സയിലായിരുന്ന പ്രദീപ് ജെയിൻ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം ഞായറാഴ്ച വൈകിട്ടാണ് ബേതുലിലെ വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലെത്തിയത് മുതൽ ഡുഗ്ഗു യജമാനന്‍റെ ശരീരത്തിനരികിൽ നിന്ന് മാറാൻ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അന്ത്യകർമത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയെങ്കിലും അത് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടേയിരുന്നുവെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *