റിയാദ്: സൗദിയിൽ നിറയെ സ്വർണമുള്ള ഒരു പുരാതന ഗ്രാമം ഭൂമിക്ക് താഴെ കണ്ടെത്തി. റിയാദിലെ അൽ ദവാദ്മി ഗവർണറേറ്റിലുള്ള പുരാവസ്തു കേന്ദ്രത്തിൽ നടന്ന നാലാംഘട്ട ഖനനത്തിലാണ് കണ്ടെത്തൽ. പുരാതന സ്വർണ ഖനികളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ. ആദ്യകാല ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രത്തിലേക്കും ഇത് വെളിച്ചം വീശുന്നു. മേഖലയിലെ ഏറ്റവും പഴക്കമേറിയ സ്വർണ ഖനികളിലൊന്നാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ ഖനി ഉൾപ്പടെ ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലേതെന്ന് കരുതുന്ന മുഴുവൻ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഗ്രാമത്തിൽ പള്ളി, ചന്ത, വിവിധ തൊഴിൽശാലകൾ എന്നിവയുടെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. 18 പുരാതന കെട്ടിടങ്ങളുടെ ഭാഗങ്ങൾ, ഒരു പൗണ്ടിന്റെ തൂക്ക് കട്ടി, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, മൺപാത്രങ്ങൾ, കൽപാത്രങ്ങൾ, ഗ്ലാസ് പാത്രങ്ങൾ, വിവിധ ഉപകരണങ്ങൾ എന്നിവയും ലഭിച്ചു. ആദ്യകാല വ്യാപാര സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നവയാണിവ.
സൗദിയിൽ സ്വർണ ഖനി കണ്ടെത്തി
