തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ കാർഷിക രീതികൾ ഈ വർഷം മുതൽ സാർവത്രികമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി, ആത്മയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച കാർഷിക പ്രദർശന മേളയുടെയും കർഷക, ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ മുളക് കൃഷിയിൽ എ.ഐ പരീക്ഷിച്ച് കീടനാശിനികളുടെ ഉപയോഗം നല്ല രീതിയിൽ കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും സാധിച്ച മാതൃക മന്ത്രി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ, കർഷകർക്ക് കൃത്യമായ കാലാവസ്ഥാ പ്രവചനം ലഭ്യമാക്കാനുള്ള സമീപനം കൃഷിവകുപ്പ് സ്വീകരിക്കും. കേന്ദ്ര കൃഷിമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ 14 ജില്ലകളിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതു,സ്വകാര്യ മേഖലകളിലുള്ള തരിശുനിലങ്ങൾ ഒന്നരമാസത്തിനകം മാപ്പ് ചെയ്ത് ഡിജിറ്റൽ ഡാറ്റ തയ്യാറാക്കും. ഈ നിലങ്ങൾ സ്റ്റാർട്ടപ്പുകളുമായും വിദേശ നിക്ഷേപകരുമായും കണക്ട് ചെയ്ത് കൃഷിയോഗ്യമാക്കും. അന്താരാഷ്ട്ര വിപണികളിലെ പ്രമുഖരുമായി കേരളത്തിലെ കർഷകരെയും ഉൽപ്പന്നങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള കോൺക്ലേവ് ഈ വർഷം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ പരമ്പരാഗത കാർഷിക രീതികളെ സംരക്ഷിക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. അട്ടപ്പാടി, വയനാട്, അമ്പൂരി ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിലെ പരമ്പരാഗത കൃഷിയും ഉൽപ്പന്നങ്ങളും സംരക്ഷിക്കാൻ കൃഷിവകുപ്പ് പ്രത്യേക മിഷൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ‘കതിർ ക്ലബ്ബു’കൾ ഈ അധ്യയന വർഷം 500 സ്കൂളുകളിൽ ആരംഭിക്കും. അടുത്ത അധ്യയന വർഷത്തോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വനിതാ കർഷക വർഷത്തിന്റെ ഭാഗമായി അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ‘കൃഷി സഖി’ പദ്ധതിക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലയിൽ മികച്ച വിജയം കൈവരിച്ച വനിതാ കർഷകരായ ഗീത, ബ്രിട്ടീഷ്യ എന്നിവരെ മന്ത്രി ആദരിച്ചു. ദീനദയാൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തയാറാക്കിയ ‘ദിൻ ഫുഡ്’ ഉൽപ്പന്നങ്ങളുടെ വില്പനയും സ്കിൽ ട്രെയിനിംഗ് ഓഫ് റൂറൽ യൂത്ത് പ്രോഗ്രാമിന്റെ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അനു കുമാരി, എ ഡി എം നിസ എ, കൃഷി അഡീഷണൽ ഡയറക്ടർ എക്സ്റ്റൻഷൻ സ്വപ്ന എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, കരമന ഐ എഫ് എസ് ആർ എസ് പ്രൊഫസറും മേധാവിയുമായ ഡോ. ജേക്കബ് ജോൺ, വാർഡ് കൗൺസിലർ അനിത എസ്, ഡെപ്യൂട്ടി ഡയറക്ടർ പ്രേമവല്ലി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ റീജ ആർ. എസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ വ്യവസായ വകുപ്പ് ജില്ലാ റിസോഴ്സ് പേഴ്സൺ രമേഷ് എസ്. പി. ക്ലാസുകൾ നയിച്ചു.
