മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച നിലയിൽ; എൻജിൻ നമ്പർ നോക്കി ഉടമയെ കണ്ടെത്തി,

കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പൊലീസ് പിടികൂടി. മലപ്പുറം അതലൂർ വാസപ്പടി നരിപ്പറമ്പ് പണിക്ക വീട്ടിൽ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞങ്ങാട്ടിരി കണ്ണന്നൂർ കൂരിപ്പറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാറത്തൊടി ടി കെ ആഷിഫ് (18) എന്നിവരെയാണ് പിടികൂടിയത്. ജൂലൈ 11ന് രാത്രി കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ എംസി റോഡിന് സമീപമുള്ള ആനന്ദ ഭവന് സമീപം പാർക്ക് ചെയ്തിരുന്ന 2.40 ലക്ഷം വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മോഷ്ടിച്ച ബൈക്ക് കോട്ടയം ചിങ്ങവനം മൂലവട്ടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിന്റെ എൻജിൻ നമ്പർ പരിശോധിച്ചപ്പോഴാണ് അത് പാലക്കുഴയിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച് ചിങ്ങവനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഹാലിനെ ആദ്യം പൊലീസ് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിൽ ജിബിൻ ബെൻഷാദിനെയും ടി കെ ആഷിഫിനെയും അറസ്റ്റ് ചെയ്തു. പ്രതികൾ നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *