കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നടപ്പാക്കുന്ന 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലിക്ക്. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ലുലു ഗ്രൂപ്പ് ചെയർമാന് പെർമിറ്റ് കൈമാറി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് വിവരം പങ്കുവെച്ചത്.
ഉന്നത നിലവാരമുള്ള നിക്ഷേപം ആകർഷിക്കാനും പ്രമുഖ പ്രാദേശിക ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമാണ് ഗോൾഡൻ റെസിഡൻസിയിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ 15 നാണ് കുവൈത്ത് ഗോൾഡൻ റെസിഡൻസി പ്രോഗ്രാം പ്രഖ്യാപിച്ചത്. യോഗ്യരായ വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും 15 വർഷം വരെ സാധുതയുള്ള റെസിഡൻസി പെർമിറ്റുകളാണ് പദ്ധതി വഴി നൽകുക. കുവൈത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അംഗീകൃത മുതിർന്ന എക്സിക്യൂട്ടീവുകൾക്കും അംഗീകൃത പങ്കാളികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
