മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം; കേസെടുത്ത് പൊലീസ്

കൽപ്പറ്റ: കോൺഗ്രസ് നേതാക്കളെ വിളിച്ച് മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാർ നൽകിയ പരാതിയിലാണ് വയനാട് സൈബർ പോലീസ് കേസെടുത്തത്. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയാണ് നേതാക്കൾക്ക് ഫോൺ സന്ദേശം എത്തിയത്. വിദ്യാ ബാലകൃഷണന് പുറമെ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്കും ഇത്തരത്തിൽ ഫോൺകോൾ വന്നതായാണ് വിവരം.

രാജ്കുമാർ ആണെന്ന് പറഞ്ഞാണ് വിദ്യയെ മറ്റൊരു നമ്പറിൽ നിന്ന് ഒരാൾ വിളിച്ചത്. സമാനരീതിയിൽ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും ഫോൺകോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനമായിരുന്നു ഡൽഹിയിൽനിന്ന് ഫോൺ വഴി ലഭിച്ചത്. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു സംസാരം.

ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ തന്നതെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംസാരം. സംഭാഷണം നീണ്ടപ്പോൾ സംശയം തോന്നിയ വിദ്യ പണം തരാമെന്ന് വാഗ്ദാനം ചെയ്ത് ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട്, ഫോൺ നമ്പർ നൽകിയെന്നു പറഞ്ഞ എം.പി.യെ വിദ്യ കാര്യങ്ങൾ ധരിപ്പിച്ചു. എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് നേതാക്കളുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. വിദ്യ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർസെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *