തിരുവനന്തപുരം: വർഷം 2026 ആയിട്ടും സംസ്ഥാനത്തുണ്ടാകുന്ന പവർകട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ. ഇത് പ്രകൃതിയുടെ കുറ്റമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി ഭരണകൂടത്തിന്റെ പച്ചയായ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നവഭാരതം അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്രിഡുകൾ നിർമ്മിച്ചും, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിച്ചും, വിതരണ സംവിധാനങ്ങൾ നവീകരിച്ചും കുതിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസും സിപിഎമ്മും കാട്ടിയ കെടുകാര്യസ്ഥതയ്ക്ക് കേരളം ഇപ്പോഴും വലിയ വില നൽകേണ്ടി വരികയാണ്.
കെഎസ്ഇബിയെ നവീകരിക്കുന്നതിലും, കുറഞ്ഞ ചെലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിലും, സംസ്ഥാനത്തിന്റെ വളരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇരുവിഭാഗവും പരാജയപ്പെട്ടു. മുടക്കമില്ലാതെ വൈദ്യുതി പോലും നൽകാൻ കഴിയാത്ത ഒരിടത്തേക്ക് എങ്ങനെ നിക്ഷേപങ്ങൾ വരുമെന്നും പുതിയ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും ഇവിടെ എങ്ങനെ വളരുമെന്നും അദ്ദേഹം ചോദിച്ചു. കെടുകാര്യസ്ഥതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്നും, കേരളത്തിന് ഇനി വേണ്ടത് എൻഡിഎയുടെ ‘പെർഫോമൻസ് രാഷ്ട്രീയം’ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
