റിയാദ്: ഔദ്യോഗിക പെര്‍മിറ്റില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന്
എത്തിയാല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും വിദേശികളാണെങ്കില്‍ നാടുകടത്തലുമാണ് പ്രധാന ശിക്ഷകള്‍. മെയ് 31 വരെ കാലയളവില്‍ വിവിധതരം വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും അവിടെ തങ്ങുന്നതിനും വിലക്കുണ്ട്്. ഉംറ വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രില്‍ 18 ആയിരുന്നു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും.
ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ സഹായിക്കുന്നവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കനത്ത ശിക്ഷ നേരിടേണ്ടി വരും. ഇത്തരക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.ലനിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുക വര്‍ദ്ധിക്കും. പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കും അവര്‍ക്ക് ഹോട്ടലുകളിലോ സ്വകാര്യ വസതികളിലോ താമസസൗകര്യം ഒരുക്കുന്നവര്‍ക്കും ഇതേ തുക പിഴ ലഭിക്കും. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന പ്രവാസികളെയും വിസാ കാലാവധി കഴിഞ്ഞവരെയും ഉടന്‍ നാടുകടത്തുകയും 10 വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും. ശിക്ഷാനടപടികള്‍ നേരിടുന്നവര്‍ക്ക് ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് പരാതി നല്‍കാവുന്നതാണ്. ഇതില്‍ തൃപ്തരല്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ ചട്ടങ്ങള്‍ സ്വദേശികളും പ്രവാസികളും പൂര്‍ണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
