2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള വേദി പ്രഖ്യാപിച്ച് ഐസിസി; മത്സരക്രമവും പോയിന്റ് പട്ടികയും പുറത്ത്

ദുബായ്: 2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓവൽ വേദിയാകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ഓവൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 2027 ജൂൺ 9 മുതൽ 13 വരെയാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഒരു റിസർവ് ദിനമായി ജൂൺ 14ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2023 ഡബ്ല്യുടിസി ഫൈനലിനും ദി ഓവൽ വേദിയായിരുന്നു. അന്ന് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുകയാണുണ്ടായത്. അടുത്ത മൂന്ന് ഡബ്ല്യുടിസി ഫൈനലുകളുടെയും (2027, 2029, 2031) ആതിഥേയത്വം ഇംഗ്ലണ്ടിന് നൽകിക്കൊണ്ട് കഴിഞ്ഞ വർഷം ഐസിസി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ഫൈനലിനായുള്ള വേദി തെരഞ്ഞെടുക്കുന്നത്. 2023ലെ ഫൈനൽ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും ഓവലിന് ആതിഥേയത്വം ലഭിച്ചിരിക്കുന്നത്. എല്ലാം ഒമ്പത് ടെസ്റ്റ് പ്ലേയിംഗ് രാജ്യങ്ങളും നിലവിൽ മത്സര രംഗത്തുണ്ട്.

കളിച്ച ആദ്യ എട്ട് ടെസ്റ്റുകളിൽ ഏഴെണ്ണത്തിലും വിജയം നേടി 87.50 ശതമാനം പോയിന്റോടെ ഓസ്‌ട്രേലിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക 75 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. 72.22 ശതമാനമുള്ള ന്യൂസിലൻഡും ഫൈനൽ ലക്ഷ്യമാക്കി ശക്തമായി രംഗത്തുണ്ട്. ഈ സൈക്കിളിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായി ബംഗ്ലാദേശ് മാറി കഴിഞ്ഞു. മെയ് മാസത്തിൽ പാകിസ്ഥാനെതിരായ പരമ്പര 2-0ത്തിന് തൂത്തുവാരിയത് അവരെ 58.33 ശതമാനം പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *