ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാവുകയും തുടര്‍ന്ന് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടിയും വന്നു. സംഭവത്തില്‍ എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.45 നാണ് ബി.എ 276 വിമാനം പുറപ്പെട്ടത്. 10 മണിക്കൂറും 35 മിനിറ്റുമാണ് യാത്രാ സമയം. യാത്രയ്ക്ക് തലേന്ന് രാത്രി മൂന്ന് പൈലറ്റുമാരും എയര്‍ലൈന്‍ ക്രമീകരിച്ച ഹൈദരാബാദിലെ പതിവ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ഹോട്ടല്‍ ലോഞ്ചില്‍ നിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. 30,000 അടി ഉയരത്തില്‍ വെച്ച് പൈലറ്റുമാരില്‍ ഒരാളുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് അടിയന്തരമായി ഓക്‌സിജന്‍ നല്‍കേണ്ടിവരികയും ചെയ്തു. ലണ്ടനില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ ലോഞ്ചിലെ പ്രഭാതഭക്ഷണത്തിനൊപ്പം മറ്റൊരു കമ്പനിയുടെ കുപ്പിവെള്ളവും പൈലറ്റുമാര്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രണ്ട് പൈലറ്റുമാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നെങ്കിലും ഇവരുടെ നില അത്ര ഗുരുതരമായിരുന്നില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് വിമാനം നിയന്ത്രിച്ച് ലണ്ടന്‍ ഹിത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ല്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.05-ഓടെ സുരക്ഷിതമായി ഇറക്കിയത്. ഇവരെയും പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
