മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ 47 ആയി. ഗുജറാത്തിൽ വെളളപ്പൊക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പലയിടത്തും റോഡ് – റെയിൽ ഗതാഗതം താറുമാറായി. ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.
വെളളക്കെട്ടിൽ ഒഴുകി നടക്കുന്ന കാറുകൾ, മണ്ണിടിഞ്ഞ് നിലച്ച റെയിൽ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകൾ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റർ മഴയാണ്. റെക്കോർഡ് പെയ്ത്തിൽ സൂറത്തും നവ്സാരിയുമടക്കമുളള ജില്ലകളുടെ ഏറിയ ഭാഗവും വെളളത്തിനടിയിലാണ്. മുംബൈ – അഹമ്മദാബാദ് ദേശീയ പാതയിലും വെളളം കയറിയതോടെ രക്ഷാ ദൗത്യവും ദുഷ്കരമായി. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരികവിഞ്ഞതാണ് പ്രളയത്തിടയാക്കിയത്. പാർപ്പിട സമുച്ചയങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം വെളളത്തിലാണ്. 22000 പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ 1200 പേരെ രക്ഷപ്പെടുത്തി. പ്രശ്നമേഖലകളിൽ സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭാഗേൽ അറിയിച്ചു. ഗുജറാത്തിലെ 20 ജില്ലകളിൽ അതിശക്തമായ മഴതുടരുമെന്ന മുന്നറിയിപ്പുണ്ട്. ദില്ലിയിൽ നിന്നും ഗുജറാത്തിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു. ഇതിനിടെ അസമിലും മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 47 ആയി. 11 ജില്ലകളിലായി 7 ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.
