തിരുവനന്തപുരം: ഉപകരണങ്ങളുടെയും സോഫ്റ്റ്‌വേറുകളുടെയും സഹായത്തോടെയുള്ള ‘വെർച്വൽ ഓട്ടോപ്‌സി’ സംവിധാനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പുതിയ സർക്കാരിന് ശുപാർശ സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആലോചന. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഇത് ആരംഭിക്കണമെന്ന ശുപാർശ പുതിയ സർക്കാരിന് സമർപ്പിക്കാനാണു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററേറ്റിന്റെ ആലോചന. സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ സംവിധാനം ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിരേഖ സമർപ്പിച്ചിരുന്നു.
വെർച്വൽ ഓട്ടോപ്‌സി ഒരാശുപത്രിയിൽ സജ്ജമാക്കുന്നതിന് 15 മുതൽ 20 കോടിരൂപ വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്നും, ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും വേണമെന്നും ഇത് പ്രവർത്തനസജ്ജമായി വരാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും എടുക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ തെളിവുകൾ കോടതികൾ അംഗീകരിക്കുന്നതരത്തിലുള്ള നിയമമാറ്റം വന്നതിനാൽ വെർച്വൽ ഓട്ടോപ്‌സിക്ക് കോടതിക്കേസുകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷ് എ.കെയും പറഞ്ഞു. മാത്രമല്ല, എല്ലാ പരമ്പരാഗത രീതിയിലുള്ള പോസ്റ്റ്‌മോർട്ടങ്ങൾക്കും വെർച്വൽ ഓട്ടോപ്‌സി പകരമാകില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ പറഞ്ഞു. പരമ്പരാഗതരീതിയിലുള്ള പോസ്റ്റ്‌മോർട്ടത്തിനൊപ്പം സാധ്യമായ കേസുകളിൽ ഇവയും പരിഗണിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
