ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾക്കെതിരെ ലളിതമായ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികൾക്ക് മറുപടിക്ക് പകരം അധിക്ഷേപങ്ങളാണ് ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിവാദത്തിന് കാരണക്കാരായ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം.
“എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാരുമായി നടത്തിയ കണ്ണുതുറപ്പിക്കുന്ന ചാറ്റ് എന്ന പരിഹാസ അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വേദാന്തും അവന്റെ സുഹൃത്തുക്കളും മിടുക്കരും ധീരരുമായ യുവ ഇന്ത്യക്കാരാണ്. അവർ സിബിഎസ്ഇയോടും മോദി സർക്കാരിനോടും ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത് എന്നാൽ അവർക്ക് ലഭിച്ചത് ഉത്തരങ്ങൾക്ക് പകരം അധിക്ഷേപങ്ങളാണ്. അവർ മികച്ചതും സുരക്ഷിതവുമായ ഒരു ഭാവി അർഹതപ്പെടുന്നുണ്ട്. അത് അവർക്ക് ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
